Friday, October 22, 2010

കവി എ അയ്യപ്പന്‍ അന്തരിച്ചു

കവി എ അയ്യപ്പന്‍ അന്തരിച്ചു

ബിംബങ്ങളിലൂടെ മലയാള കവിതയെ പ്രശോഭിപ്പിച്ച കവി എ അയ്യപ്പന്‍(61) അന്തരിച്ചു. തിരുവനന്തപുരത്ത് ജനറല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. അനാഥനെങ്കിലും സനാഥനായി അലഞ്ഞുതീര്‍ത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കറുപ്പ്, മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിന്‍കുട്ടിയും, ബലിക്കുറുപ്പുകള്‍, പ്രവാസിയുടെ ഗീതം, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, ചിത്തരോഗ ആസ്പത്രിയിലെ ദിനങ്ങള്‍, തെറ്റിയോടുന്ന സെക്കന്റ് സൂചി എന്നിവയാണ് പ്രധാന കൃതികള്‍.

1949
ഒക്‌ടോബര്‍ 27ന് തിരുവനന്തപുരം ജില്ലയിലെ നേമത്തായിരുന്നു ജനനം. ചെറുപ്പകാലത്ത് തന്നെ അച്ഛനും അമ്മയും മരിച്ചു. സഹോദരിയുടെ സംരക്ഷണയിലായിരുന്നു വളര്‍ന്നത്. 18 ാം വയസ്സില്‍ കവിത എഴുതിത്തുടങ്ങി. അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി.

2010
ലെ ആശാന്‍ പുരസ്‌കാരമാണ് ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന് ലഭിച്ച അംഗീകാരം. ആശാന്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് വെള്ളിയാഴ്ച ചെന്നൈയിലേക്ക് പുറപ്പെടാനിരിക്കെയാണ് മരണം സംഭവിച്ചത്. അയ്യപ്പേട്ടന് അവാര്‍ഡുണ്ട് എന്നാരെങ്കിലും അറിയിച്ചാല്‍ എത്രകാശ് കിട്ടും എന്നാകും അയ്യപ്പന്റെ പതിവ് മറുപടി.

കവിതയെഴുത്ത് പോലെ തന്നെ അയ്യപ്പന്റെ ശീലമായിരുന്നു മദ്യപാനവും. പലപ്പോഴും ആരോഗ്യസ്ഥിതി മോശമായി ആസ്പത്രിയില്‍ കഴിയേണ്ടി വന്നു. ഒന്നു രണ്ട് തവണ ഡോക്ടര്‍മാര്‍ പോലും ഇനി എഴുതാന്‍ അയ്യപ്പനുണ്ടാവില്ല എന്ന് വിധിയെഴുതി. അപ്പോഴെല്ലാം സകലരേയും അമ്പരപ്പിച്ചുകൊണ്ട് അയ്യപ്പന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. മരണം അയ്യപ്പനെ വിളിച്ചു. അയ്യപ്പന്‍ കേട്ടു.

ബിംബങ്ങളുടെ ആഘോഷമാണ് അയ്യപ്പന്റെ കവിതകള്‍. അക്ഷരങ്ങളെ നക്ഷത്രങ്ങളാക്കി മാറ്റി നവീനമായ കാവ്യഭാഷ. ജീവിതാനുഭവങ്ങളുടെ വിഷം കവിതയാക്കി മാറ്റി. അതുകൊണ്ടാണ് കവിത ഒരു കോപ്പ വിഷമാണെന്ന് അയ്യപ്പന്‍ എഴുതിയത്. അലഞ്ഞെഴുതുന്നവന്റെ ജീവിത രചനകളാണ് ആ കവിതകള്‍.

'
കാറപകടത്തില്‍ പെട്ടുമരിച്ച
വഴിയാത്രക്കാരന്റെ ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പിറന്ന
അഞ്ചുരൂപയിലായിരുന്നു എന്റെ കണ്‍'

ഇങ്ങനെ എഴുതാന്‍ ഒരേയൊരു അയ്യപ്പന്‍ മാത്രമേ നമുക്കുണ്ടായിരുന്നുള്ളൂ.

തിരസ്‌കൃതനായ ജീവിച്ച അയ്യപ്പന്റെ മരണത്തിലും ആ വ്യത്യസ്തത നിലനിന്നു. മരണം കൂട്ടിക്കൊണ്ടുപോയിട്ടും ഒടുവില്‍ ആരാലും തിരിച്ചറിയപ്പെടാതെ ആസപത്രിയില്‍ മുറിയില്‍ ഏറെനേരം. വ്യാഴാഴ്ച രാത്രിയില്‍ തിരുവനന്തപുരത്ത് വഴിയരികില്‍ വീണുകിടക്കുകയായിരുന്ന അയ്യപ്പനെ രാത്രി വൈകിയാണ് ആസ്പത്രിയിലെത്തിച്ചത്. അവിടെയെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അത്താഴമൂട്ടുമായ് അലയുന്ന ഞാന്‍ സ്വയം
ചുമക്കുന്ന ചുമടുമായി ഈവഴിയോരങ്ങള്‍ താണ്ടട്ടെ
മരിക്കാന്‍ മനസ്സില്ലാത്തവനായി...


Wednesday, October 6, 2010

കൈവെട്ടു കേസ്സ് അട്ടിമരിക്കപ്പെടുന്നുവോ?

തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫസര്‍.ടി.ജെ.ജോസഫിന്റെകൈപ്പത്തി വെട്ടിക്കളഞ്ഞതു സംബന്ധിച്ച കേസ് അന്വേഷണത്തിന്റെ നിര്‍ണ്ണായക ഘട്ടത്തിലേയ്ക്ക് കടക്കുന്ന അവസരത്തില്‍ അന്വേഷണത്തിന് നേതൃത്വം നല്കുന്ന പോലീസ് ഉദ്യോഗസ്ഥനെ ഡല്‍ഹിയില്‍ ഔദ്യോഗിക പരിശീലനത്തിനയച്ചു എന്ന വാര്‍ത്ത ആശങ്ക ഉളവാക്കുന്നതാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ കേസന്വേഷണം മരവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

Saturday, September 18, 2010

ഡല്‍ഹി യുനിവേഴ്സിടി യുനിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി വി പി ഉജ്വല വിജയം നേടി. പ്രസിഡന്റ്‌, വൈസ്പ്രസിടന്റ്റ്, ജെനറല്‍ സെക്രട്ടറി തുടങ്ങി നാലില്‍ മൂന്ന് സീറ്റുകളും നേടി ബി വി പി യുണിയന്‍കരസ്ഥമാക്കി. ജിതെന്ദര്‍ ചവ്ധാരി പ്രസിടന്റായും കുമാരി പ്രിയ ടബാസ് വൈസ് പ്രേസിടന്റായും നീതു ഖബാസ്സെക്രടരിയായും വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.

Malayalam Film Mummy And Me Clips Part 1 HQ Cinema Petti